തിരുവനന്തപുരം/ദില്ലി: കേരളത്തിലെ കണ്‍ഗ്രസ് വലിയ തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ നേരിട്ടതിനൊടുവില്‍ ആയിരുന്നു നേതൃമാറ്റം എന്ന ചര്‍ച്ച തന്നെ സഫലമായത്. അങ്ങനെ നേതൃത്വത്തില്‍ എത്തിയവരാണ് കെ സുധാകരനും വിഡി സതീശനും. തലമുറമാറ്റം ആയിരുന്നു പലരും ആവശ്യപ്പെട്ടത് എങ്കിലും തന്റെ പ്രായം ഒരു അയോഗ്യതയല്ലെന്ന് കെ സുധാകരന് ആഞ്ഞ് ന്യായീകരിച്ചിരുന്നു. ഇതിപ്പോള്‍ എടുത്ത് പറയാന്‍ ഒരു കാരണമുണ്ട്. അതിന് മുമ്പ് കെ സുധാകരന്റെ അധ്യക്ഷ സ്ഥാനത്തിന്റെ കാലാവധി ഇനി എത്ര നാള് എന്ന ചോദ്യത്തിനുളള ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. കെപിസിസി അധ്യക്ഷന്‍ ആകുന്നതിന് മുമ്പ് തന്നെ സുധാകരന് ബിജെപിയോടും ആര്‍എസ്എസിനോടും ബന്ധപ്പെട്ട് ചില വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. തനിക്ക് ബോധ്യപ്പെട്ടാല്‍ ബിജെപിയില്‍ പോകും എന്നും അതില്‍ എന്താണ് തെറ്റ് എന്നും ഉള്ള പരാമര്‍ശം തന്നെയാണ് അതില്‍ ഏറ്റവും പ്രധാനം. അങ്ങനെ ഒരാളെ എന്തിന് കെപിസിസി അധ്യക്ഷനാക്കി എന്ന ചോദ്യം കോണ്‍ഗ്രസില്‍ തന്നെ പലരും ചോദിച്ചിട്ടുള്ളതും ആണ്.